
കാസർകോട്: (www.k-onenews.in) തദ്ദേശ സ്വയംഭരണ സ്ഥാപന തിരഞ്ഞെടുപ്പിനോടനുബന്ധിച്ച് ജില്ലയിലെ ക്രിട്ടിക്കൽ, വൾനറബിൾ വിഭാഗത്തിലുള്ള 127 പ്രശ്ന ബാധിത ബൂത്തുകളിൽ ജില്ലാ കളക്ടർ, ജില്ലാ പോലീസ് മേധാവി, സബ് കളക്ടർ, ആർ ഡി ഒ, ഇലക്ഷൻ ഡെപ്യൂട്ടി കളക്ടർ എന്നിവരടങ്ങിയ സംഘം ഡിസംബർ ഒന്ന്, രണ്ട് തീയതികളിൽ പരിശോധന നടത്തും.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 90 ശതമാനത്തിലേറെ പോളിങ് നടക്കുകയും അതിൽ ഒരു സ്ഥാനാർഥിക്ക് മാത്രം 75 ശതമാനത്തിലെറെ വോട്ട് ലഭിക്കുകയും ചെയ്ത ബൂത്തുകൾ, പത്തോ അതിൽ കുറവോ വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ച ബൂത്തുകൾ എന്നിവയാണ് ക്രിട്ടിക്കൽ ബൂത്തുകൾ. മുൻവർഷങ്ങളിൽ അക്രമം റിപ്പോർട്ട് ചെയ്ത ബൂത്തുകളാണ് വൾനറബിൾ ബൂത്തുകൾ.
ജില്ലയിൽ 84 ക്രിട്ടിക്കൽ ബൂത്തൂകളാണുള്ളത്. ഇതിൽ 78 എണ്ണം ഗ്രാമ പഞ്ചായത്തുകളിലും ആറെണ്ണം നഗരസഭകളിലുമാണ്. 43 വൾനറബിൾ ബൂത്തുകളാണുള്ളത്. പരിശോധന നടത്തിയ ശേഷമാണ് പോലീസ് സുരക്ഷ കർശനമാക്കുന്നതും സി സി ടി വി ക്യാമറകൾ സ്ഥാപിക്കുന്നതും സംബന്ധിച്ച് തീരുമാനമെടുക്കുക. പരിശോധന മഞ്ചേശ്വരം ബ്ലോക്കിൽ നിന്നാണ് ആരംഭിക്കുക.