തിരുവനന്തപുരം: (www.k-onenews.in) തദ്ദേശ തെരഞ്ഞെടുപ്പിനുള്ള സമ്പൂര്‍ണ്ണ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഇന്നു അര്‍ധരാത്രി മുതല്‍ സംസ്ഥാനത്തെ തദ്ദേശ സ്ഥാപനങ്ങളില്‍ ഉദ്യോഗസ്ഥ ഭരണവും നിലവില്‍ വരും. നാളെ തെരഞ്ഞെടുപ്പ് വിജ്ഞാപനം നിലവില്‍ വരുന്നതോടെ നാമനിര്‍ദേശ പത്രികാ സമര്‍പ്പണം ആരംഭിക്കും.

അന്തിമ വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഒന്നിനു പ്രസിദ്ധീകരിച്ചിരുന്നു. അതിനു ശേഷം പട്ടികയില്‍ പേരില്ലാത്തവര്‍ക്ക് ഒരവസരം കൂടി നല്‍കി. അങ്ങനെ പേരു ചേര്‍ത്തവരുടെ കൂട്ടിച്ചേര്‍ത്ത പട്ടികയാണ് ഇന്ന് പ്രസിദ്ധീകരിക്കുന്നത്. അന്തിമ വോട്ടര്‍ പട്ടികയിലെ 2.71 കോടി വോട്ടര്‍മാരില്‍ 1,41,94,775 സ്ത്രീകളും 1,29,25,766 പുരുഷന്മാരുമാണ്. 282 ട്രാന്‍സ്‌ജെന്‍ഡറുകളും പട്ടികയിലുണ്ട്. ഇന്നത്തെ പട്ടിക കൂടി പുറത്ത് വരുന്നതോടെ വോട്ടര്‍മാരുടെ എണ്ണം വര്‍ധിക്കും.തദ്ദേശ സ്ഥാപനങ്ങളിലെ നിലവിലെ ഭരണസമിതിയുടെ കാലാവധി ഇന്നവസാനിക്കും. മട്ടന്നൂരും കഴിഞ്ഞ തവണ തര്‍ക്കങ്ങളെ തുടര്‍ന്ന് സ്ഥാനമേറ്റെടുക്കല്‍ വൈകിയ തദ്ദേശ സ്ഥാപനങ്ങള്‍ ഒഴികെയുള്ളവയിലെ കാലാവധി കഴിയുന്നത്. ഇവിടങ്ങളില്‍ ഉദ്യോഗസ്ഥ ഭരണം നിലവില്‍ വരും. തെരഞ്ഞെടുപ്പിന്‍റെ വിജ്ഞാപനം നാളെയാണ് പുറത്ത് വരുന്നത്.

നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന തീയതി ഈ മാസം 19 ആണ്. 20ന് നാമനിര്‍ദ്ദേശ പത്രികകളുടെ സൂക്ഷ്മ പരിശോധന നടക്കും. 23 വരെ സ്ഥാനാര്‍ത്ഥിത്വം പിന്‍വലിക്കാം. ഡിസംബര്‍ എട്ട്,10,14 തിയതികളിലായി മൂന്നുഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുക. 16ന് വോട്ടെണ്ണും. ഹൈക്കോടതി നിര്‍ദേശത്തെ തുടര്‍ന്ന് പുനര്‍ വിജ്ഞാപനം ചെയ്ത സംവരണ വാര്‍ഡുകളുടെ നറുക്കെടുപ്പും ഇന്നു നടക്കും.

LEAVE A REPLY

Please enter your comment!
Please enter your name here