തിരുവനന്തപുരം: (www.k-onenews.in) തിരുവനന്തപുരം വിമാനത്താവളത്തിന്റെ നടത്തിപ്പ് അദാനി ഗ്രൂപ്പിന് നല്‍കി കരാര്‍ ഒപ്പിട്ടു. എയര്‍പോര്‍ട്ട് അതോറിറ്റിയും അദാനിയുമാണ് കരാറില്‍ ഒപ്പിട്ടത്.
അന്‍പത് വര്‍ഷത്തേക്കാണ് കരാര്‍ ഒപ്പിട്ടിരിക്കുന്നത്. ജൂലായില്‍ ആണ് വിമാനത്താവളം ഏറ്റെടുക്കുക. വലിയ വിവാദങ്ങള്‍ക്കൊടുവിലാണ് വിമാനത്താവളം അദാനിക്ക് കൈമാറാനുള്ള തീരുമാനം നടപ്പാകുന്നത്.

വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പുമായി ഒപ്പുവച്ചെന്ന് കാണിച്ച് എയര്‍ പോര്‍ട്ട് അതോറിറ്റി ട്വീറ്റ് പുറത്തുവിട്ടു. ഇതോടൊപ്പം ജയ്പൂര്‍, ഗുവാഹത്തി വിമാനത്താവളങ്ങളുടെ കരാറുകളും ഒപ്പുവച്ചിട്ടുണ്ട്. ഈ വിമാനത്താവളങ്ങളുടെ നടത്തിപ്പ് ചുമതല, ഓപ്പറേഷന്‍സ്, വികസനം എന്നിവയെല്ലാം ഇനി അദാനി എയര്‍പോര്‍ട്ട്‌സ് ലിമിറ്റഡ് എന്ന സ്വകാര്യകമ്പനിക്കാകും.

തിരുവനന്തപുരം വിമാനത്താവളത്തിന്റെ സ്വകാര്യവത്കരണത്തിനെതിരെ സംസ്ഥാനസര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്ന അവസരത്തിലാണ്
വിമാനത്താവളത്തിന്റെ നടത്തിപ്പ് കരാര്‍ അദാനി ഗ്രൂപ്പ് ലിമിറ്റഡിന് കൈമാറുന്നത്. വിമാനത്താവള നടത്തിപ്പ് അദാനി ഗ്രൂപ്പിന് കൈമാറാനുള്ള തീരുമാനം ചോദ്യം ചെയ്ത് സര്‍ക്കാര്‍ നല്‍കിയ ഹര്‍ജി കേരള ഹൈക്കോടതി തള്ളിയിരുന്നു.

തുടര്‍ന്നാണ് സുപ്രീംകോടതിയെ സമീപിച്ചത്. വിമാനത്താവള നടത്തിപ്പ് കൈമാറുന്നതിനുള്ള ലേലനടപടികളില്‍ പാളിച്ചകള്‍ ഉണ്ടായിരുന്നെന്നും സംസ്ഥാന സര്‍ക്കാരിനെ ബോധപൂര്‍വ്വം ഒഴിവാക്കിയെന്നും പൊതുതാല്പര്യത്തിനും ഫെഡറല്‍ തത്വങ്ങള്‍ക്കും വിരുദ്ധമായാണ് വിമാനത്താവളനടത്തിപ്പ് കൈമാറിയതെന്നും സര്‍ക്കാരിന്റെ ഹര്‍ജിയില്‍ പറഞ്ഞിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here