
എറണാകുളം: (www.k-onenews.in) എം സി കമറുദ്ദീന് പിന്നാലെ രണ്ടാമത്തെ യുഡിഎഫ് എംഎൽഎ കൂടി അറസ്റ്റിലായതോടെ പ്രതിപക്ഷം പ്രതിരോധത്തിൽ. മുഖ്യമന്ത്രിയുടെ ഓഫീസിലേക്കെത്തിയ സ്വർണക്കടത്ത്, ലൈഫ് ഇടപാട് കേസില്‍ സര്‍ക്കാരിനെതിരെ ആക്രമണം തീര്‍ത്തുകൊണ്ടിരിക്കെയാണ് രണ്ടാമത്തെ പ്രതിപക്ഷ എംഎല്‍എ കൂടി അറസ്റ്റിലാവുന്നത്. കൂടുതൽ അറസ്റ്റ് പ്രതീക്ഷിക്കുന്ന പ്രതിപക്ഷം ആക്രമണത്തില്‍ നിന്ന് പ്രതിരോധത്തിലേക്ക് മാറേണ്ട സാഹചര്യത്തിലാണിപ്പോൾ.
സ്വര്‍ണക്കടത്ത്, ലൈഫ് ഇടപാട് എന്നിവയില്‍ നടക്കുന്ന കേന്ദ്ര അന്വേഷണങ്ങളാണ് സര്‍ക്കാരിനെതിരെ പ്രധാന ആയുധമായി പ്രതിപക്ഷം ഉപയോഗിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി അറസ്റ്റിലായതും പേഴ്സണല്‍ സ്റ്റാഫിലേക്ക് അന്വേഷണം നീങ്ങിയതുമെല്ലാം പ്രതിപക്ഷം സര്‍ക്കാരിനെതിരെ ഉപയോഗിക്കുന്നുണ്ട്.
ഇതിനിടെയാണ് നവംബര്‍ 7ന് ഫാഷന്‍ ഗോള്‍ഡ് തട്ടിപ്പ് കേസില്‍ എം സി കമറുദ്ദീന് എംഎല്‍എ അറസ്റ്റിലാവുന്നത്. ഇതിന് പിന്നാലെ ഇന്ന് മുന്‍ മന്ത്രി കൂടിയായ വി കെ ഇബ്രാഹിം കുഞ്ഞിനെ വിജിലന്‍സ് അറസ്റ്റ് ചെയ്തു. തദ്ദേശ തെരഞ്ഞെടുപ്പില്‍ അഴിമതിക്കെതിരെ വോട്ട് ചോദിക്കുന്ന യുഡിഎഫിന് ആഘാതമാണ് രണ്ട് അറസ്റ്റും. നഷ്ടപ്പെട്ട പ്രതിച്ഛായ തിരികെപിടിക്കാനുള്ള രാഷ്ട്രീയ നീക്കമാണ് അറസ്റ്റെന്ന പ്രതികരണം പ്രതിപക്ഷം നടത്തിക്കഴിഞ്ഞു.
പ്ലസ് ടു കോഴ, അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് അന്വേഷണം നേരിടുന്ന കെ എം ഷാജിയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയും പ്രതിപക്ഷം തള്ളിക്കളയുന്നില്ല. സോളാര്‍, ബാര്‍ കോഴ, പി ടി തോമസിനെതിരെ കേസ് എന്നിവയില്‍ കോണ്‍ഗ്രസ് എംഎല്‍എമാരെ സര്‍ക്കാര്‍ ലക്ഷ്യംവെക്കുന്നതായും യുഡിഎഫ് കരുതുന്നു. രാഷ്ട്രീയ പ്രതിരോധം ഉയര്‍ത്തി സര്‍ക്കാര്‍ നീക്കത്തെ നേരിടാനാണ് പ്രതിപക്ഷ തീരുമാനം.