ഉത്ര വധക്കേസ്; സൂരജിന് ഇരട്ട ജീവപര്യന്തം, മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും

0
0

കൊല്ലം: (www.k-onenews.in)  അഞ്ചല്‍ ഉത്ര വധക്കേസില്‍ കുറ്റക്കാരനാണെന്ന് കണ്ടെത്തിയ പ്രതി സൂരജിന് കൊലക്കുറ്റത്തിന് ഇരട്ടജീവപര്യന്തം തടവും അഞ്ച് ലക്ഷം രൂപ പിഴയും. കൊല്ലം ആറാം അഡീഷണല്‍ സെഷന്‍സ് കോടതി ജഡ്ജി എം.മനോജാണ് വിധി പുറപ്പെടുവിച്ചത്.

കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വമാണെന്ന് കോടതി നിരീക്ഷിച്ചു.

കൊലക്കുറ്റത്തിനും കൊലപാതകശ്രമത്തിനും ഇരട്ടജീവപര്യന്തം ശിക്ഷയാണ് വിധിച്ചത്. മറ്റ് രണ്ട് കേസുകള്‍ക്ക് 10 വര്‍ഷവും ഏഴ് വര്‍ഷവും തടവും വിധിച്ചു.

17 വര്‍ഷത്തെ തടവിന് ശേഷമാണ് ഇരട്ടജീവപര്യന്തം അനുഭവിക്കേണ്ടത്.

മൂര്‍ഖന്‍ പാമ്പിനെക്കൊണ്ടു കടിപ്പിച്ച് ഉത്രയെ ക്രൂരമായി കൊലപ്പെടുത്തിയ അത്യപൂര്‍വമായ കേസില്‍ ഭര്‍ത്താവ് അടൂര്‍ പറക്കോട് ശ്രീസൂര്യയില്‍ സൂരജിന്റെ പേരില്‍ ആസൂത്രിതകൊല (ഇന്ത്യന്‍ ശിക്ഷാനിയമം 302-ാം വകുപ്പ്), നരഹത്യാശ്രമം (307ാം വകുപ്പ്), വിഷംനല്‍കി പരിക്കേല്‍പ്പിക്കല്‍ (328ാം വകുപ്പ്), തെളിവുനശിപ്പിക്കല്‍ (201ാം വകുപ്പ്) എന്നീ കുറ്റകൃത്യങ്ങള്‍ തെളിഞ്ഞതായി കോടതി തിങ്കളാഴ്ച കണ്ടെത്തിയിരുന്നു.

അപൂര്‍വങ്ങളില്‍ അപൂര്‍വമായ കേസില്‍ പ്രതിക്ക് വധശിക്ഷ നല്‍കണമെന്നാണ് പ്രോസിക്യൂഷന്‍ വാദിച്ചത്.. 2020 മേയ് ആറിന് രാത്രി സ്വന്തംവീട്ടില്‍വെച്ച് പാമ്പുകടിയേറ്റ ഉത്രയെ, ഏഴിനു പുലര്‍ച്ചെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ച്, മാതാപിതാക്കള്‍ കൊല്ലം റൂറല്‍ എസ്.പിക്ക് നല്‍കിയ പരാതിയില്‍ നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. സംസ്ഥാനത്ത് പാമ്പിനെക്കൊണ്ട് കടിപ്പിച്ച് ഒരാളെ കൊലപ്പെടുത്തുന്ന ആദ്യ കേസാണിത്.

LEAVE A REPLY

Please enter your comment!
Please enter your name here