ന്യൂഡൽഹി: (www.k-onenews.in) പതഞ്ജലി കമ്പനി പുറത്തിറക്കിയ കോവിഡ് മരുന്നിന് ലോകാരോഗ്യ സംഘടനയുടെ അംഗീകാരമുണ്ടെന്ന ബാബാ രാംദേവിന്‍റെ വാദം നുണയെന്ന് തെളിഞ്ഞു. കോവിഡിനുള്ള ആയുർവേദ മരുന്നെന്ന് അവകാശപ്പെട്ട് പതഞ്ജലി പുറത്തിറക്കിയ ‘കൊറോണിൽ’ മരുന്നിന് അംഗീകാരം നൽകിയിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി.

കോവിഡ് ചികിത്സക്കായി ഏതെങ്കിലും പരമ്പരാഗത മരുന്നിന്‍റെ ഫലപ്രാപ്തി അവലോകനം ചെയ്യുകയോ അംഗീകാരം നൽകുകയോ ചെയ്തിട്ടില്ലെന്ന് ലോകാരോഗ്യ സംഘടന വ്യക്തമാക്കി. ലോകാരോഗ്യ സംഘടന സൗത്ത് ഈസ്റ്റ് ഏഷ്യയുടെ ഔദ്യോഗിക ട്വിറ്റർ പേജിലൂടെയാണ് ഇക്കാര്യം അറിയിച്ചത്.


ആഗോള മാനദണ്ഡങ്ങൾ അടിസ്ഥാനമാക്കി നിർമിച്ചെടുത്ത കൊറോണിൽ ഗവേഷണം മുഴുവൻ പൂർത്തിയാക്കിയതാണെന്നും ലോകാരോഗ്യ സംഘടനയുടെ സർട്ടിഫിക്കേഷൻ പദ്ധതി പ്രകാരം ആയുർ മന്ത്രാലയം അംഗീകാരം നൽകിയെന്നുമായിരുന്നു ബാബ രാംദേവിന്‍റെ അവകാശവാദം. ഇത് നുണയാണെന്ന് തെളിയിക്കുന്നതാണ് ലോകാരോഗ്യ സംഘടനയുടെ വെളിപ്പെടുത്തൽ.

കൊറോണിൽ കോവിഡിന് ഫലപ്രദമാണെന്ന് അവകാശപ്പെടുന്ന ശാസ്ത്രീയ തെളിവുകൾ അടങ്ങിയ പ്രബന്ധമാണെന്ന് അവകാശപ്പെട്ട് കഴിഞ്ഞദിവസം ബാബ രാംദേവ് ചില പുസ്തകങ്ങൾ ഉയർത്തിക്കാട്ടിയിരുന്നു. കേന്ദ്ര ആരോഗ്യമന്ത്രി ഹർഷ വർധൻ, ഗതാഗതമന്ത്രി നിതിൻ ഗഡ്കരി എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു അവകാശ വാദം. ചടങ്ങിൽ കൊറോണിൽ മരുന്നും പുറത്തിറക്കിയിരുന്നു.

കൊറോണിൽ കോവിഡിന് ഫലപ്രദമാണെന്ന് ശാസ്ത്രീയ തെളിവുകളുണ്ടെന്നും ലോകാരോഗ്യ സംഘടനയുടെ മാനദണ്ഡങ്ങൾ പാലിച്ചാണ് മരുന്ന് വികസിപ്പിച്ചെടുത്തതെന്നും ബാബ രാംദേവ് പറഞ്ഞിരുന്നു. കൂടാതെ കൊറോണിൽ മരുന്ന് കഴിച്ച് കോവിഡ് ഭേദമായതായും അവകാശപ്പെട്ടു.


നേരത്തേയും കോവിഡിനെതിരെ മരുന്ന് കണ്ടെത്തിയെന്ന അവകാശവാദവുമായി ബാബാ രാംദേവും പതഞ്ജലിയും രംഗത്തെത്തിയിരുന്നു. മരുന്നിന്‍റെ പരസ്യം നൽകുകയും ചെയ്തിരുന്നു. ‘കൊറോണിൽ’, ‘സ്വാസരി’ എന്നിങ്ങനെ മരുന്നുകളുടെ പാക്കേജ് ‘ദിവ്യ കൊറോണ’ എന്ന പേരിൽ വിപണിയിലെത്തിക്കാനായിരുന്നു നീക്കം.

എന്നാൽ പതഞ്ജലി ലൈസൻസിനായി ഉത്തരാഖണ്ഡ് സർക്കാരിന് അപേക്ഷ നൽകിയപ്പോൾ പനി, ചുമ തുടങ്ങിയ രോഗങ്ങൾക്കും പ്രതിരോധ ശക്തി വർധിപ്പിക്കാനും മരുന്ന് ഉപയോഗിക്കാം എന്നായിരുന്നു. കോവിഡിനെതിരായ വാക്സിൻ ആണെന്ന് വ്യക്തമാക്കിയില്ലായിരുന്നു. തുടർന്ന് പതഞ്ജലിയോട് ആയുഷ് മന്ത്രാലയം വിശദീകരണം ആവശ്യപ്പെട്ടിരുന്നു. തുടർന്ന് മരുന്നിന്‍റെ വിൽപ്പന നിർത്തിവയ്ക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here